ഗൂഗിളിന്റെ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ വരുന്നു. കഴിഞ്ഞ ദിവസത്തെ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളില്‍നിന്നുള്ള വിസ്മയിപ്പിക്കുന്ന പുതിയ വാര്‍ത്ത ഇതാണ്.
ഗൂഗിള്‍ കാര്‍ വിപണിയിലേക്ക് പ്രവേശിക്കുകയൊന്നുമല്ല. പകരം സ്വയം നിയന്ത്രിച്ച് ഓടിച്ചുപോവാന്‍ പര്യാപ്തമായ സാങ്കേതികവിദ്യയാണ് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് നിര്‍വൃതിയടഞ്ഞിരുന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്.
ഇത്രയും കാലം ഗൂഗിള്‍ മെയില്‍, ഗൂഗിള്‍ എര്‍ത്ത്, ഗൂഗിള്‍ മാപ് തുടങ്ങിയ ഇന്റര്‍നെറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഗൂഗിള്‍ കമ്പനി ഇപ്പോള്‍ മറ്റു ഹാര്‍ഡ്‌വേറുകളിലും പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നു. ഇതാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഗൂഗിള്‍ ടി.വി വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു.
കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) ഉപയോഗിച്ച് റോഡുകളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് വാഹനത്തെ നിയന്ത്രിയ്ക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സോഫ്റ്റ് വെയറുകളാണ്.
കാറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം കഴിഞ്ഞ ദിവസം തിരക്കേറിയ കാലിഫോര്‍ണിയന്‍ തെരുവുകളിലൂടെ നടത്തുകയുണ്ടായി. ഒന്നും രണ്ടുമല്ല, 225308.16 കിലോമീറ്ററുകള്‍ താണ്ടിയാണ് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. കാറിന്റെ റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറകളും അതീവശേഷിയുള്ള റഡാര്‍ സെന്‍സറുകളും അതി സങ്കീര്‍ണമായി പ്രവര്‍ത്തിക്കുന്ന ലേസര്‍ റേഞ്ച് ഫൈന്ററുകളുമൊക്കെയാണ് കാറിനെ റോിഡല്‍ നിയന്ത്രിക്കുന്നത്. പക്ഷേ, കാറില്‍ പോകേണ്ട സ്ഥലങ്ങള്‍ നേരത്തേതന്നെ പ്ലാന്‍ ചെയ്യണമെന്നതും മാപ്പ് ചെയ്യണമെന്നതുമാണ് ഒരു പ്രത്യേകതയാണ്.
പരീക്ഷണ ഓട്ടത്തില്‍ എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ മാത്രമായി പരിശീലനം ലഭിച്ച ഡ്രൈവര്‍ സന്നദ്ധമായി ഉണ്ടായിരുന്നെങ്കിലും സ്വയം നിയന്ത്രിത കാറിന്റെ നിര്‍മാണം പൂര്‍ണതോതിലാവുമ്പോള്‍ ഇതിന്റെ ആവശ്യമുണ്ടാവില്ല. മനുഷ്യനെക്കാള്‍ വേഗത്തില്‍ കംപ്യൂട്ടര്‍ ഡ്രൈവറിന് തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. കൂടാതെ 360 ഡിഗ്രിയില്‍ കാഴ്ചശേഷിയും സാധ്യമാക്കാമെന്ന പ്രത്യേകതയുമുണ്ട്.
ഏഴ് കാറുകള്‍ ഇതിനോടകം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. ടൊയോട്ടയുടെ പ്രിയൂസ് മോഡല്‍ കാറിലാണ് ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജന്റ് സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.
'സുരക്ഷക്കായിരുന്നു മുന്തിയ പരിഗണന നല്‍കിയത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിരീക്ഷണപ്രകാരം ഒരു വര്‍ഷം 1.2 ദശലക്ഷം ആളുകള്‍ വാഹനാപകടങ്ങളില്‍ മാത്രം കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. ഈ അവസ്ഥക്ക് ഗണ്യമായ കുറവ് വരുത്താന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' -കാറിന്റെ സോഫ്റ്റ്‌വെയര്‍ രൂപകല്‍പനക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സെബാസ്റ്റ്യന്‍ ത്രുണ്‍ പറഞ്ഞു. സ്റ്റാന്‍ഫഡ് യൂനിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിന്റെയും പ്രൊഫസര്‍ കൂടിയായ സെബാസ്റ്റ്യന്‍ ത്രുണാണ് 15 അംഗ എഞ്ചിനീയറിംഗ് സംഘത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. 43 കാരനായ ത്രുണ്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ മാപ്പിങ് സര്‍വീസ് വികസിപ്പിച്ചവരിലൊരാള്‍കൂടിയാണെന്നത് ഓര്‍ക്കണം.
ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനു പുറമെ ആളുകളുടെ സമയം ലാഭിക്കുക, കാര്‍ബണ്‍ വ്യാപനം കുറയ്ക്കുക, ഇന്ധന ക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ഒട്ടേറെ ലക്ഷ്യങ്ങള്‍ക്കൊപ്പമാണ് ഇത്തരമൊരു പദ്ധതി പരീക്ഷിക്കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു.
പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഈ മേഖലയില്‍ ഇനിയും ഒരുപാട് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും മുന്നേറാനുണ്ട്. എങ്കിലും കാറില്‍ കയറി പിന്‍സീറ്റിലിരുന്ന് പോവേണ്ട സ്ഥലം പറയുകയും വാഹനം സ്വയം ചിന്തിച്ച് റോഡിലൂടെ കുതിച്ചുപായുന്ന കാലം വിദൂരമല്ലെന്ന് പ്രത്യാശിക്കാം.
No comments:
Post a Comment